ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ കായിക വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് നിർണായകമാണ്. വിദേശരാജ്യങ്ങളിലൊക്കെ മൂന്നു വയസാകുമ്പോൾതന്നെ കുട്ടികളെ സൈക്ലിംഗ് ഉൾപ്പെടെയുള്ള കായിക പരിശീലനങ്ങളിലേക്കു നയിക്കുകയും അതിലൂടെ അവരുടെ ശാരീരിക-മാനസിക വളർച്ച ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ദൗർഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്തെ നിലവിലെ സ്കൂൾ കായികവിദ്യാഭ്യാസ രംഗം ചില പരിമിതികൾ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പുതിയ സർക്കാരിനു മുമ്പിൽ താഴെ പറയുന്ന നിർദേശങ്ങൾ സമർപ്പിക്കുന്നു:
മാനദണ്ഡങ്ങളിലെ അപാകതകൾ
എൽപി സ്കൂളുകൾ: നിലവിൽ എൽപി സ്കൂളുകളിൽ കായികാധ്യാപകരുടെ സേവനം ലഭ്യമല്ല. കുട്ടികളുടെ അടിസ്ഥാന ശാരീരിക വികാസം നടക്കുന്ന പ്രായത്തിൽതന്നെ അവർക്ക് കൃത്യമായ കായികപരിശീലനം നിഷേധിക്കപ്പെടുകയാണ്.
യുപി സ്കൂളുകൾ: യുപി വിഭാഗത്തിൽ 500 കുട്ടികൾ തികഞ്ഞാൽ മാത്രമേ ഒരു കായിക അധ്യാപകന്റെ തസ്തിക അനുവദിക്കാറുള്ളൂ. എന്നാൽ 499 കുട്ടികളുള്ള ഒരു സ്കൂളിൽപോലും കായികാധ്യാപകരില്ലാത്ത അവസ്ഥയാണ്. അവിടത്തെ കുട്ടികൾക്ക് കായിക പരിശീലനം നൽകാൻ ആരുമില്ലാത്ത സാഹചര്യം ഉണ്ടാകുന്നു.
ഹൈസ്കൂളുകൾ: ഹൈസ്കൂൾ തലത്തിൽ എട്ട്, ഒന്പത് ക്ലാസുകളിൽ അഞ്ചു ഡിവിഷനുകൾ ഉണ്ടായാൽ മാത്രമേ കായികാധ്യാപകനെ നിയമിക്കാൻ സാധിക്കൂ. ഡിവിഷനുകളുടെ എണ്ണത്തിൽ വരുന്ന നേരിയ കുറവു കാരണം പല ഹൈസ്കൂളുകളിലും കായികാധ്യാപകർ ഇല്ലാത്ത സാഹചര്യമുണ്ട്.
കുട്ടികളുടെയോ ഡിവിഷനുകളുടെയോ എണ്ണത്തിലെ ഈ ചെറിയ വ്യത്യാസങ്ങൾ കാരണം വിദ്യാലയങ്ങൾക്ക് കായിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് തികച്ചും നിർഭാഗ്യകരമാണ്. അവർക്ക് ആര് കൃത്യമായ കായികപരിശീലനം നൽകും എന്ന ചോദ്യം ബാക്കിയാവുകയാണ്.
പ്രധാന ആവശ്യങ്ങൾ
എല്ലാ സ്കൂളുകളിലും കായികാധ്യാപകർ: വിദ്യാർഥികളുടെയോ ഡിവിഷനുകളുടെയോ എണ്ണം മാത്രം മാനദണ്ഡമാക്കാതെ, പ്രാഥമിക വിദ്യാഭ്യാസം മുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കായികാധ്യാപകരുടെ സേവനം ഉറപ്പാക്കണം.
ഫുൾ ടൈം, പാർട്ട് ടൈം തസ്തികകൾ: കുട്ടികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകളിൽ ഫുൾ ടൈം അധ്യാപകരെയും എണ്ണവും ഡിവിഷനുകളും കുറവുള്ള സ്കൂളുകളിൽ അതിനനുസരിച്ച് പാർട്ട് ടൈം അധ്യാപകരെയെങ്കിലും നിയമിക്കാൻ കഴിയണം.
- കോർപറേറ്റ് മാനേജ്മെന്റ്, ചങ്ങനാശേരി അതിരൂപത